എം.എം. ലോറന്‍സിന്റെ അന്ത്യയാത്രയില്‍ സിപിഎമ്മിനെതിരെ മുദ്രാവാക്യം വിളിച്ച് മകള്‍ ആശ
കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ സംഭവങ്ങള്‍. അപ്പന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകള്‍ വാദിച്ചത്. സി.പി.എം മൂര്‍ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെ മൃതദേഹത്തിന് അടുത്തിരുന്ന് പ്രതിഷേധിച്ച ലോറന്‍സിന്റെ മകള്‍ ആശയെയും മകനെയും പൊലീസ് ബലമായി ഇടപെട്ട് മാറ്റി. സി.പി.എം നേതാക്കള്‍ മൃതദേഹത്തിനടുത്ത് മദ്രാവാക്യം വിളിച്ചപ്പോഴാണ് ആശ സി.പി.എമ്മിനെതിരെ മുദ്രാവാക്യം വിളിച്ചത്.
മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ശനിയാഴ്ചയാണ് ലോറന്‍സ് അന്തരിച്ചത്. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുന്നതിനെ എതിര്‍ത്ത് മകള്‍ ആശ ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി മൃതദേഹം തല്‍കാലം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഉത്തരവിട്ടത്. കേരള അനാട്ടമി നിയമ പ്രകാരം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ചു മറ്റു നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുപ്രകാരം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് മകള്‍ പ്രതിഷേധിച്ചത്.