വ്യാജ എക്സിറ്റ്പോൾ; ഓഹരി വിപണിയിലെ കുംഭകോണത്തിന് പിന്നിൽ മോദിയും അമിത് ഷായും; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപുള്ള എക്സിറ്റ്പോൾ ഫലത്തെ മറയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ഓഹരി വിപണിയിൽ വൻ കുംഭകോണം നടന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാധ്യമങ്ങളിലൂടെ വ്യാജ എക്സിറ്റ്പോൾ ഫലങ്ങൾ സംപ്രേഷണം ചെയ്ത് ഇതിന്റെ മറവിൽ ഓഹരി വിപണിയിൽ വൻ കുംഭകോണം നടത്തിയതായും ഇതിന്റെ തെളിവുകളും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പുറത്തുവിട്ടു. ഓഹരി വിപണി കുംഭകോണത്തിൽ ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരി കുംഭകോണം നടത്തിയെന്നും എക്സിറ്റ് പോളിന് ഒരു ദിവസം മുന്നേ നിക്ഷേപം നടത്തി കോടികൾ കൊയ്തത് ആരാണെന്നും രാഹുലിന്‍റെ ചോദിച്ചു. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വരികയും ജൂൺ 4 ന് ഓഹരി വിപണിയിൽ 30 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലിൽ ആണ് മോദിയും അമിത് ഷായും ഈ പരാമർശങ്ങൾ നടത്തിയത്. എക്സിറ്റ് പോൾ വരാനിരിക്കെ മെയ് 31ന് കോടികളുടെ വിദേശ നിക്ഷേപം ഉണ്ടായി. 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റിൽ ഉണ്ടായത്. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്സിറ്റ് പോൾ നടത്തിയവർക്കുമെതിരെ അന്വേഷണം വേണം. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാർക്കറ്റ് കുംഭകോണമാണ് നടന്നതെന്നും ഇതിൽ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുൽ പറഞ്ഞു. 400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ ആഹ്വാനം നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.