ക്ഷേത്ര ദർശനത്തിന്റെ കുത്തക മോദി ഒറ്റയ്ക്ക് ഏറ്റെടുത്തു: കെ.സി. വേണുഗോപാൽ എംപി
ഗോഹട്ടി: ആര് എപ്പോൾ അമ്പലത്തിൽ പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുന്ന സാഹചര്യമാണെന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അസമിലെ ശ്രീശ്രീ ശങ്കർദേവ് ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്കു ദർശനം തടഞ്ഞ നടപടി അത്യന്തം നിർഭാഗ്യകരമാണ്. എന്തിനാണ് അദ്ദേഹത്തെ തടയുന്നതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ഭാരത് ജോഡോ ന്യാ യാത്രയുടെ ഭാഗമായി നേരത്തേ തീരുമാനിച്ചതാണ് ആസാം ജനതയുടെ ആത്മീയഗുരുവിന്റെ പേരിലുള്ള ക്ഷേത്ര സന്ദർശനം. എന്നാൽ ക്ഷേത്രത്തിന് 17 കിലോമീറ്റർ ഇപ്പുറത്ത് വച്ച് രാഹുലിനെ പൊലീസ് തടയുകയായിരുന്നു. എല്ലാ മതസ്ഥരെയും തുല്യരായി കാണുന്ന ആസാം ജനതയുടെ ആത്മീയ ഗുരവാണ് ശങ്കർ ദേവ്. നമ്മുടെ ശ്രീനാരായണ ഗുരുദേവനെപ്പോലെ. അവിടേക്കുള്ള രാഹുൽ ഗാന്ധിയുടെ പ്രവേശനത്തെ തടസപ്പെടുത്തുകയാണ് ബിജെപി ചെയ്തതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ക്ഷേത്ര ദർശനത്തിന്റെ അവകാശം അവർ ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കയാണ്. ദൈവത്തിന്റെ മൊത്തം കുത്തകാവകാശം ഇവർ അവകാശപ്പെടുന്നു. യഥാർഥ വിശ്വാസങ്ങളെ ഇവർ കളങ്കപ്പെടുത്തുകയാണ്. വിശ്വാസികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ പോയി പ്രാർഥിക്കാനുള്ള അവകാശത്തെയാണ് ഇവർ തടസപ്പെടുത്തുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജനങ്ങളുൂടെ വിശ്വാസങ്ങളെ ചിലർ ഹൈജാക്ക് ചെയ്തെന്നു വേണു ഗോപാൽ കുറ്റപ്പെടുത്തി.
അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ അസം പൊലീസ് നടപടി വലിയ പ്രതിഷേധത്തിന് ഇട നൽകിയിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ ശ്രീ ശ്രീ ശങ്കർദേവിൻറെ ജന്മസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം. ശ്രീ ശ്രീ ശങ്കർദേവിൻറെ ഭക്തനാണ് രാഹുൽ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദർശിക്കാനാണ് അനുമതി നൽകിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. തന്നെ എന്തിനാണ് തടയുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് രാഹുൽ ചോദിച്ചു. രാഹുൽ ഗാന്ധിയും നേതാക്കളും അല്പസമയം റോഡിൽ കുത്തിയിരുന്നു.