'മോദി പ്രഭാവം' അസ്തമിച്ചു, ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; യുപിയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക്
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തകർച്ച നേരിട്ടതിനു പിന്നാലെ തിരിച്ചടി നേരിട്ട് നരേന്ദ്ര മോദിയും. ബിജെപി ഏറെ കൊട്ടിഘോഷിച്ച മോദി പ്രഭാവം അസ്തമിച്ചതിന്റെ സൂചനയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ വെളിവാകുന്നത്. 2019ൽ 6,74,644 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ വിജയിച്ച മോദി ഇത്തവണ 1,52,513 വോട്ടിന് കടന്നു കൂടുകയായിരുന്നു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് കടുത്ത പോരാട്ടമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മോദിയെക്കാൾ 12000 വോട്ടിന് അജയ് റായ് മുന്നിട്ട് നിന്നിരുന്നു. മോദിയുടെ ഭൂരിപക്ഷം വീണ്ടും ഉയർത്താനായി അമിത് ഷായുടെ നേതൃത്വത്തിൽ ക്യാമ്പ് ചെയ്തു ബിജെപി പ്രചരണം നടത്തിയെങ്കിലും ബിജെപി ക്യാമ്പിനെ വിറപ്പിച്ചാണ് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായി കീഴടങ്ങിയത്.
അതേസമയം രാഹുൽ ഗാന്ധി മത്സരിച്ച രണ്ട് സീറ്റിലും മൂന്നു ലക്ഷത്തിൽപരം വോട്ടിലെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുപിയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുൽ ഗാന്ധിക്കാണ്. റായ്ബറേലിയിൽ 3,88,742 വോട്ടിന്റെ ലീഡുമായാണ് രാഹുൽ ഗാന്ധിയുടെ വിജയം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയം 364422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.