ഒന്നിച്ചു നിന്നാൽ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെപ്പറ്റി: രാഹുല്‍ ഗാന്ധി
മുംബൈ: അദാനിക്ക് ആവശ്യമുള്ളതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒന്നിച്ചാൽ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശം.
ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗം നടത്തിയിരുന്നു. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്. ഇതിനെതിരെയാണ് ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ചെന്നാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ഒപ്പം സേഫ് ലോക്കറില്‍ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു. ധാരാവി പുനര്‍വികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്. രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നല്കാന് മോദി ഒരുക്കമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.