മോദിയുടെ വികസിത് ഭാരത് സന്ദേശം: ഉടൻ നിർത്തിവെയ്ക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ
കേന്ദ്ര സർക്കാരിന്റെ വാട്സാപ്പ് സന്ദേശം വികസിത് ഭാരത് ഉടൻ നിർത്തിവെയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. കേന്ദ്രസർക്കാരിൻ്റെ നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ വാട്സാപ്പിൽ പ്രചരിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദി സർക്കാരിൻ്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്ന വാട്സാപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
മാർച്ച് 16ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 18ന് ലക്ഷക്കണക്കിന് വാട്സാപ്പ് ഉപയോക്താക്കൾക്ക് വികസിത് ഭാരത് സമ്പർക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നു. സ്ഥാനാർഥിയായിരിക്കെ മോദിയുടെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.
മോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാനുള്ള അഭ്യർത്ഥനയും സന്ദേശത്തിലുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.