മലയാള സിനിമ സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹൻലാൽ
കൊച്ചി: ആദ്യ സിനിമ പുറത്തിറങ്ങും മുൻപ് മലയാള സിനിമ സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹൻലാൽ. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ സംവിധായക യൂണിറ്റില്‍ അംഗത്വം സ്വീകരിച്ച വിവരം നടന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഫെഫ്കയുടെ ഊഷ്മളമായ സ്വീകരണത്തില്‍ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഈ കുടുംബത്തില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി സംഗമത്തിലാണ് മോഹന്‍ലാലിന് അംഗത്വം അനുവദിക്കപ്പെട്ടത്. സംവിധായകന്‍ സിബി മലയിലാണ് അംഗത്വം കൈമാറിയത്.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മെയ് മാസത്തില്‍ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ റീ റെക്കോഡിങ് ജോലികള്‍ ലോസ് ആഞ്ജലീസിലാണ് നടന്നത്. സ്പെഷ്യല്‍ എഫക്ടുകള്‍ ഇന്ത്യയിലും തായ്ലാന്റിലുമാണ് ചെയ്തത്. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ച് വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.