സംസ്ഥാനത്ത് കാലവർഷം ദുർബലമായി; ജൂലൈ നാലിന് ശേഷം കാലവർഷം വീണ്ടും സജീവമായേക്കും
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
അതെസമയം കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പാലക്കാട് മംഗലം ഡാം തുറന്നു. കോഴിക്കോട് ഉരുൾപൊട്ടി. താൽക്കാലികമായി മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പലഭാഗത്തും തുടരുകയാണ്.