മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റില്‍ പാകുതിയിലേറെ പേരും തോല്‍ക്കുന്നു
കോഴിക്കോട്: നടപടികള്‍ കര്‍ശനമാക്കിയതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റില്‍ പാതിയിലേറെപേരും തോല്‍ക്കുന്നു. മേയ് ഒന്നു മുതല്‍ നടപ്പാക്കിയ പരിഷ്‌കരണത്തിനുശേഷം നടന്ന ടെസ്റ്റുകളുടെ സംസ്ഥാനതല കണക്കുകളിലാണ് പാതിയിലേറെപേരും പരാജയപ്പെടുകയാണെന്ന് തെളിയുന്നത്. ഒരു എം.വി.ഐ 40 ടെസ്റ്റുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നിര്‍ദേശമാണ് ടെസ്റ്റ് കുറ്റമറ്റതാക്കിയത്. മുമ്പ് ഒരു എം.വി.ഐ നൂറും നൂറ്റിരുപതും ടെസ്റ്റുകളാണ് ഒരു ദിവസം നടത്തിയത്.
എം.വി.ഐ നടത്തുന്ന ടെസ്റ്റുകളുടെയും ജയിക്കുന്നവരുടെയും തോല്‍ക്കുന്നവരുടെയും എണ്ണവും ദിനംപ്രതി ഇന്റേണല്‍ വിജിലന്‍സ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. പാസാകുന്നവരുടെ എണ്ണം കൂടുതലാകുന്ന എം.വി.ഐമാരുടെ കീഴിലുള്ള ടെസ്റ്റ് വിജിലന്‍സ് സ്‌ക്വാഡിന്റെ മേല്‍നോട്ടത്തില്‍ നടത്തും. അതില്‍ പാസാകുന്നവരുടെ എണ്ണം കുറഞ്ഞാല്‍ എം.വി.ഐയെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലേക്ക് മാറ്റുകയും നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുകയുമാണ് വിജിലന്‍സ് വിഭാഗം. അതിനാല്‍, എം.വി.ഐമാര്‍ നടപടി ഭീതിയിലാണ് ടെസ്റ്റുകള്‍ നടത്തുന്നത്. പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് വിജയിച്ചവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന തലത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കണം. ഫലം കുറ്റമറ്റതാക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പ് ഉന്നതരുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് എം.വി.ഐമാരും എ.എം.വി.ഐമാരും ടെസ്റ്റിന് എത്തുന്നവരെ നിസ്സാര കാരണം പറഞ്ഞ് ബോധപൂര്‍വം തോല്‍പിക്കുന്നതായും ആരോപണമുണ്ട്. തോറ്റതിന്റെ കാരണം ചോദിക്കുമ്പോള്‍ വിശദീകരണം നല്‍കാന്‍പോലും ഉദ്യോഗസ്ഥര്‍ വിഷമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ടെസ്റ്റിനെത്തുന്നവര്‍ പറയുന്നത്. പൊല്ലാപ്പ് പേടിച്ച് പരമാവധിപേരെ തോല്‍പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുകയാണെന്ന ആക്ഷേപമുണ്ട്. റോഡ് ടെസ്റ്റിലാണ് നിസ്സാര കാരണം പറഞ്ഞ് തോല്‍പിക്കുന്നത്.
ടെസ്റ്റിന് അവസരം ലഭിക്കാന്‍തന്നെ മാസങ്ങള്‍ കാത്തിരിക്കണം. പരാജയപ്പെട്ടാലും ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടതിനാല്‍ സ്ലോട്ടിന് വീണ്ടും മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് എപ്പോള്‍ തുറന്നാലും 60 ദിവസത്തേക്ക് സ്ലോട്ട് ലഭ്യമല്ലെന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന് അപേക്ഷകര്‍ പറയുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റ് കടമ്പയില്‍ കുടുങ്ങിക്കിടക്കുന്നത്.