മൗലാന മതേതരവിശ്വാസികളുടെ മാർഗദീപം: എം.എം ഹസൻ
തിരുവനന്തപുരം: മതാധിഷ്ഠിത രാഷ്ട്രീയത്തെ അതിശക്തമായ എതിർത്ത മൗലാന അബുൾ കലാം ആസാദ് മതേതര വിശ്വാസികൾക്ക് എക്കാലവും മാർഗദീപമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് അധ്യക്ഷനും പ്രഥമ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനയുടെ 66-ാം ചരമദിനത്തോട് അനുബന്ധിച്ച് കെപസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയുറച്ച മതവിശ്വാസിയും അടിമുടി മതേതരവാദിയുമായിരുന്നു അദ്ദേഹം. ഹിന്ദു- മുസ്ലീം ഐക്യത്തിന് ഊന്നൽ നല്കിയാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തെ നയിച്ചത്. മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, മൗലാന തുടങ്ങിയവർ ഇന്ത്യൻ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഹസൻ ചൂണ്ടിക്കാട്ടി. കെപിസിസി വൈസ് പ്രസിഡന്റ് എൻ ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജിഎസ് ബാബു, ജി സുബോധൻ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ചെറിയാൻ ഫിലിപ്പ്, എം ലിജു എന്നിവരും ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, മണക്കാട് സുരേഷ്, മോഹൻകുമാർ, അനിൽ ആറ്റിപ്ര തുടങ്ങിയവരും പങ്കെടുത്തു.