പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസും പി.ശശിയും: പിണറായിസമാണ് സിപിഎമ്മിലെന്ന് പി വി അന്‍വര്‍
മലപ്പുറം: സി.പി.എം നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശിയും ചേര്‍ന്നാണെന്ന് അന്‍വര്‍ പറഞ്ഞു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്.
റിയാസ് മന്ത്രിയായതില്‍ തെറ്റില്ല. എത് പൊട്ടനും മന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അന്‍വര്‍ മറുപടി നല്‍കി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോള്‍ സി.പി.എമ്മിലുള്ളത്. മറ്റ് നേതാക്കള്‍ക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കള്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരെയും കണ്ടിട്ടല്ല താന്‍ ഇതിന് ഇറങ്ങിയത്. ജലീലിന്റെ പിന്തുണ ഇല്ലെങ്കില്‍ വേണ്ട. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയും സമൂഹവും പരിശോധിക്കട്ടെ. പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. നേതൃത്വത്തെ ചോദ്യം ചെയ്യും. ഇനിയും കാര്യങ്ങള്‍ പറയും.പൂരം കലക്കിയത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഇനി അതില്‍ ഒരു അന്വേഷണ പ്രഹസനത്തിന്റെ കാര്യമില്ല.