തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: മന്ത്രി മുഹമ്മദ് റിയാസിന് നോട്ടീസ്
കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കോഴിക്കോട് കലക്ടര്‍ നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കകം മന്ത്രി മറുപടി നല്‍കണം. നളന്ദ ഓഡിറ്റോറിയത്തില്‍ സ്‌പോര്‍ട്‌സ് ഫ്രറ്റേണിറ്റിയുടെ പേരില്‍ നടത്തിയ കായിക ചര്‍ച്ചയുടെ വേദിയില്‍ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ തീരുമാനിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് നിയമവിരുദ്ധമാണമെന്നാരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കലക്ടറുടെ പ്രാഥമിക നിരീക്ഷണം. 'കോഴിക്കോടിന്റെ വികസനത്തിന് കായിക ലോകം ഒന്നിക്കുന്നു' എന്ന പരിപാടിയിലാണ് മന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എളമരം കരീം വിജയിച്ചാല്‍ കായിക കേരളത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടി സംഭാവന നല്‍കുമെന്ന തരത്തിലുള്ള പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
'കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്' എന്നു മന്ത്രി പ്രസംഗത്തില്‍ പറഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് പ്രസംഗം വീഡിയോവില്‍ പകര്‍ത്തി കൊണ്ടിരുന്ന വിഡിയോഗ്രഫറെ കോഴിക്കോട് പാര്‍ലമെന്റ് സ്ഥാനാര്‍ഥി എളമരം കരീമും മറ്റു സിപിഎം നേതാക്കളും വേദിയുടെ പുറകിലേക്ക് കൊണ്ടുപോയത്. പിന്നീട് മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് അരമണിക്കൂറിനു ശേഷമാണ് ഇയാളെ പുറത്തേക്കുവിട്ടത്. സ്‌പോര്‍ട്‌സ് ഫ്രറ്റേണിറ്റിയെന്ന പേരില്‍ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോഴിക്കോട്ട് പറഞ്ഞത് പഴയ പ്രഖ്യാപനമാണ്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും പറയുമെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.