മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കണം: കെ മുരളീധരന്‍
കോഴിക്കോട്: മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകളെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും അന്വേഷണസംഘത്തെ നിയോഗിച്ചത് മനസ്സില്ലാമനസോടെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
മുകേഷിനെതിരെ പുറത്തുവരുന്നത് മോശം കാര്യങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു. എം.എല്‍.എ. സ്ഥാനം മുകേഷ് രാജിവെക്കണം. ഇപ്പോള്‍ രാജിവെച്ചാല്‍ മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താമെന്നും മുരളീധരന്‍ പരിഹസിച്ചു. മുകേഷിനെ സിനിമാ നയനിര്‍മാണ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണം. വാതിലില്‍ മുട്ടിയവരുടെ ലിസ്റ്റ് പുറത്തുവിടുന്നതിനെക്കാള്‍ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്തുവിടുന്നതാണ് നല്ലത്. അതാവുമ്പോള്‍ ഒരു പേജില്‍ ഒതുങ്ങും. സ്ത്രീകള്‍ ഈ മേഖലയില്‍ സുരക്ഷിതരല്ല. സുരക്ഷ ഉറപ്പാക്കണം. അമ്മ ഭാരവാഹിസ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതാവും നല്ലത്. സാംസ്‌കരിക മന്ത്രിയെ എത്രയും വേഗം കാബിനറ്റില്‍നിന്ന് പുറത്താക്കുന്നതാണ് പിണറായിക്ക് നല്ലത്. അല്ലെങ്കില്‍ സജി ചെറിയാന്‍ പിണറായിയേയും കൊണ്ടേ പോകൂവെന്നും മുരളീധരന്‍ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ മുഴുവന്‍ വനിതകള്‍ ആവണമായിരുന്നു. കൂടുതല്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. നേരിട്ട് പറഞ്ഞാലേ നടപടി എടുക്കൂവെന്ന നിലപാട് മാറണമെന്നും മുരളീധരന്‍ പറഞ്ഞു. വേട്ടക്കാരുടെ ചിത്രം പുറത്തുവരണമെന്നും സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാനുള്ള നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമഗ്ര നിയമനിര്‍മാണം വേണമെന്നും കോണ്‍ക്ലേവ് ഉപക്ഷിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.