നടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും തെളിവായി വാട്‌സാപ്പ് സന്ദേശങ്ങള്‍ കൈവശമുണ്ടെന്നും മുകേഷ്
കൊച്ചി: പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുകേഷിന്റെ പ്രതികരണം പുറത്ത്. പരാതി നല്‍കിയ നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും ഇതിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പടെ കൈവശമുണ്ടെന്നുമാണ് മുകേഷിന്റെ അവകാശവാദം. മുഖ്യമന്ത്രിയെ മുകേഷ് ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുമായി മുകേഷ് സംസാരിച്ചതെന്നും വാര്‍ത്തകളുണ്ട്.
അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം മുകേഷ് തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. നിയമവിദഗ്ധരുമായി മുകേഷ് ഇക്കാര്യം ചര്‍ച്ച ചെയ്തു. വൈകാതെ ഇക്കാര്യത്തില്‍ മുകേഷിന്റെ പ്രതികരണമുണ്ടാവുമെന്നാണ് സൂചന.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. നടന്‍ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.