മുള്ളന്‍കൊല്ലിയിലെ കടുവയ്ക്ക് തൃശ്ശൂര്‍ മൃഗശാലയില്‍ പുനരധിവാസം
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയ്ക്ക് തൃശ്ശൂര്‍ മൃഗശാലയില്‍ പുനരധിവാസം. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൌത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയത്.
രണ്ടരമാസമായി ആഴ്ചതോറും ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് മൃഗശാലയിലേക്ക് എത്തുന്നത്. കര്‍ണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന്. മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കടുവ വനമൂലികയിലെ കൂട്ടില്‍ വീണത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തില്‍ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തിച്ചിട്ടുണ്ട്.