മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരളം
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരളം. സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.
2011 ലാണ് അവസാനമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കിയത്. വീണ്ടും പരിശോധന നടത്തണമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, തമിഴ്‌നാട് തടസ്സവാദമുന്നയിച്ചതിനാല്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം വ്യാഴാഴ്ച അണക്കെട്ടില്‍ മേല്‍നോട്ട സമിതി സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന നടന്ന യോഗത്തിലാണ് കേരളം സുരക്ഷ പരിശോധന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, തമിഴ്‌നാട് വീണ്ടും എതിര്‍പ്പ് രേഖപ്പെടുത്തി. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മാത്രമേ സുരക്ഷാ പരിശോധന നടത്താന്‍ സാധിക്കൂ എന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്.