മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തില്‍ വിചാരണ നേരിടുന്ന പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും. ഡിസംബര്‍ രണ്ടാം പകുതിയോടെ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റാണയുടെ ഹരജി യു.എസ് കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് കൈമാറ്റ നീക്കം. ഇതുസംബന്ധിച്ച് ഇന്ത്യ-യു.എസ് അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നും ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ അടുത്തിടെ ഡല്‍ഹിയിലെ യു.എസ് എംബസിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ റാണയെ കൈമാറുന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. കൈമാറ്റം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ഇന്ത്യ-യു.എസ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
റാണക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയുടെ നിബന്ധനങ്ങള്‍ക്കുള്ളില്‍ വരുന്നതാണ്. മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്താണ് റാണ. 2009 ഒക്ടോബറില്‍ ഷിക്കാഗോയിലെ ഒ' ഹെയര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഹെഡ്ലി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് റാണയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തെക്കന്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്‍ഡ് ജയിലിലായിരുന്നു റാണ. എന്നാല്‍ കോവിഡ് സമയത്ത് രോഗബാധയെ തുടര്‍ന്ന് പുറത്തിറങ്ങിയിരുന്നു.
ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ വച്ച് റാണയെ അറസ്റ്റ് ചെയ്തു. 2021-ല്‍ കൈമാറുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന തീര്‍പ്പാക്കാന്‍ ബൈഡന്‍ ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും വിചാരണക്കായി റാണയെ ഇന്ത്യക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. കൈമാറല്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റാണക്ക് 45 ദിവസത്തെ സമയമുണ്ട്.