മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിർദേശത്തെ തള്ളി സമരസമിതി
കൊച്ചി: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗതീരുമാനത്തിനു പിന്നാലെ സമരസമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.ഭൂമിയുടെ ഉടമസ്ഥാവകാശം ജുഡീഷ്യല്‍ കമ്മീഷൻ പരിശോധിക്കുമെന്ന നിർദേശത്തെ സമരസമിതി തള്ളി.
എന്ത് അടിസ്ഥാനത്തിലാണ് തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം കമ്മീഷൻ പരിശോധിക്കുന്നതെന്ന് സമരസമിതി അംഗങ്ങള്‍ ചോദിച്ചു. മുനമ്ബത്ത് താമസിക്കുന്ന പലരും വില കൊടുത്ത് ഭൂമി വാങ്ങിയവരാണ്. ഇനിയൊരു ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കാനാകില്ല. നേരത്തെ തന്നെ ഉടമസ്ഥാവകാശം പരിശോധിച്ചതാണ്. ഇനി എന്തിനാണ് വീണ്ടും ഉടമസ്ഥാവകാശം പരിശോധിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സമരമസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം ഇവിടെ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിനാല്‍ സമരം ശക്തമാക്കും. തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നും സമരസമിതി അറിയിച്ചു.