മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യർക്ക് പുത്തുമലയിൽ അന്ത്യവിശ്രമം
മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയിൽ അന്ത്യവിശ്രമം. ശരീരഭാഗങ്ങളായും തിരിച്ചറിയാതെയും അവശേഷിച്ച മൃതദേഹങ്ങളാണ് പുത്തുമലയിൽ സംസ്കരിക്കുന്നത്. സർവ്വമത പ്രാർത്ഥനകളോടെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്. പേരറിയാത്ത മൃതദേഹങ്ങൾ നമ്പറുകളായാണ് ഇവിടെ സംസ്കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്‌ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎൻഎ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം.
പുത്തുമലയിൽ തയാറാക്കിയ കൂട്ടകുഴിമാടങ്ങളി ലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മുണ്ടക്കൈയിൽ മരിച്ചവർക്കായി പുത്തുമലയിൽ 200 കുഴിമടങ്ങളാണ് ഒരുക്കിയത്. ഇതിൽ 16 പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. സർവമതപ്രാർഥനയോടെയായിരുന്നു സംസ്കാരം നടത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച ചടങ്ങുകൾ വൈകുന്നേരം 4.10ഓടെ പൂർത്തിയാക്കി.
189 മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസൺ പ്ലാന്റേഷൻ ഭൂമിയിൽ സംസ്‌കരിക്കുക. ഇതിൽ 31 മൃതദേഹങ്ങളും 158 മൃതശരീരഭാഗങ്ങളുമു ണ്ട്. ഒരു സെന്റിൽ ഏഴു മൃതദേഹങ്ങൾ വീതമാണ് സംസ്‌കരിക്കുക. ആദ്യ ബാച്ചിലെ തന്നെ ആറുപേരുടെ മൃതദേഹം കൂടി ഇനി സംസ്‌കരിക്കാനുണ്ട്. ശേഷം 14 പേ രുടെ മൃതദേഹം ഇവിടെ എത്തിക്കും. സർവമത പ്രാർഥനയോടെ ഈ മൃതദേഹങ്ങളും സംസ്കരിക്കും. അതിനുശേഷം 50 വീതം മൃതദേഹഭാഗങ്ങൾ പുത്തുമലയിൽ എത്തിച്ച് പ്രാർഥനയോടെ സംസ്കരിക്കും. വൈകുന്നേരത്തോടെ സംസ്‌കാരച്ച ടങ്ങുകൾ പൂർത്തിയാക്കാനാണ് അധികൃതർ പരിശ്രമിക്കുന്നത്.
നേരത്തെ, ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ ബന്ധുക്കളെത്തി തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. ശരീരഭാഗങ്ങൾ പ്രത്യേകം പെട്ടികളിലാക്കി സംസ്കരിച്ച ശേഷം ഡിഎൻഎ ടെസ്റ്റിന്റെ കോഡ് നമ്പർ രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു
ജൂലൈ 30 ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നാനൂറോളം പേരാണ് മരിച്ചത്. തിരച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞില്ലെങ്കിൽ അജ്ഞാത മൃതദേഹമായി കണ്ട് സംസ്കരിക്കാമെന്നിരിക്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ദിവസം കാത്തിരുന്നത്.
ഉരുൾപൊട്ടലിൽ പരുക്കേറ്റ 91 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു.