അസാമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി പിടിയില്‍
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ അസം സ്വദേശിയായ വ്‌ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡൻ്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി പ്രണയത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്‌സ് സര്‍വീസ് അപ്പാർട്മെൻ്റിൽ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആരവ് അവിടെനിന്ന് ഇറങ്ങിയത്. മറ്റാരും അപ്പാർട്മെൻ്റിലേക്ക് വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ സൂചനയില്ല. സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. ഓഫീസില്‍ പാര്‍ട്ടിയുള്ളതിനാല്‍ വെള്ളിയാഴ്ച വീട്ടില്‍ വരില്ലെന്ന് അവര്‍ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. ശനിയാഴ്ചയും വീട്ടിലേക്ക് വരുന്നില്ലെന്ന് സന്ദേശം അയച്ചിരുന്നു. ഗുവാഹാട്ടി കൈലാഷ് നഗര്‍ സ്വദേശിനിയായ മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇതിനുപുറമേ വ്ളോഗര്‍ കൂടിയാണ് യുവതി. സാമൂഹികമാധ്യമങ്ങളില്‍ മായ ഗൊഗോയിക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ട്.