മുഷ്‌താഖ് അലി ട്രോഫി: വമ്പൻമാരായ മുംബൈയെ അട്ടിമറിച്ച് സഞ്ജുവിന്റെ കേരളം
ഹൈദരാബാദ് : മുഷ്‌താഖ് അലി ട്രോഫിയിൽ വമ്പൻമാരായ മുംബൈയെ അട്ടിമറിച്ച് കേരളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് 43 റണ്‍സിന് കേരളം മുംബയെ തോല്‍പ്പിച്ചത്. ഇന്ത്യൻ ടീമംഗങ്ങള്‍ നിറഞ്ഞ മുംബയെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കേരളം മറികടന്നു.
ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ കേരളത്തെ ബാറ്റിംഗിനയച്ചു. നായകൻ സഞ്ജുവും(4) മുഹമ്മദ് അസറുദ്ദീനും (13) വേഗം പുറത്തായി. എന്നാല്‍ രോഹൻ കുന്നുമ്മല്‍ (87) സല്‍മാൻ നിസാറുമായി ചേർന്ന് വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കേരളം വൻ സ്‌കോറിലേക്ക് കുതിച്ചു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് ആണ് കേരളം അടിച്ചുകൂട്ടിയത്. സല്‍മാൻ നിസാർ 49 പന്തില്‍ 99 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബയ്‌ക്കായി മോഹിത് അവസ്‌തി 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി.മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബയ്ക്ക് വേണ്ടി ഐപിഎല്‍ കോണ്‍ട്രാക്‌ടില്‍ നിന്ന് പുറത്തുപോയതിന്റെ പേരില്‍ വിമർശനം നേരിട്ട പ്രിഥ്വി ഷാ (23) മികച്ച രീതിയില്‍ തുടക്കം തന്നെങ്കിലും പെട്ടെന്ന് പുറത്തായി. നായകൻ ശ്രേയസ് അയ്യർ നന്നായി തുടങ്ങിയെങ്കിലും ടീം സ്‌കോർ 100ല്‍ നില്‍ക്കെ പുറത്തായി. എന്നാല്‍ മുൻ നായകൻ രഹാനെ മികച്ച രീതിയില്‍ ബാറ്റ്‌വീശിയതോടെ മുംബയ്‌ക്ക് പ്രതീക്ഷവച്ചു. 35 പന്തുകളില്‍ 68 റണ്‍സ് ആണ് രഹാനെ നേടിയത്. എന്നാല്‍ രഹാനെ വീണതോടെ കൂടുതല്‍ മുന്നോട്ട്പോകാനാകാതെ മുംബയ് പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ നിധീഷും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ വിനോദ് കുമാറും അബ്‌ദുള്‍ ബാസിത്തുമാണ് മത്സരം കേരളത്തിന്റെ വരുതിയിലാക്കിയത്.