തോൽവിയുടെ കാരണഭൂതൻ ഇപി; പിണറായി സംരക്ഷിച്ച് ഇ.പിക്കെതിരെ എം.വി ഗോവിന്ദന്റെ കരുനീക്കം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുമ്പോൾ, പിണറായിയെ സംരക്ഷിക്കാനും ഇ.പി ജയരാജനെ കുരുതികൊടുക്കാനും തയാറായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നീക്കം. പിണറായിക്കൊപ്പമാണ് പാർട്ടിയെന്ന് അടിവരയിടുന്ന പ്രസ്താവനകളുമായി ഗോവിന്ദൻ കളംനിറയുമ്പോൾ, പ്രകാശ് ജാവദേക്കറുമായി ഇ.പി ജയരാജൻ നടത്തിയ ചർച്ച ആഴത്തിൽ പരിശോധിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. പിണറായിക്കെതിരായി ഉയരുന്ന ശബ്ദങ്ങളെ തുടക്കത്തിൽ തന്നെ അമർച്ച ചെയ്യാനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്നത് എം.വി ഗോവിന്ദനാണ്. മുഖ്യമന്തിക്കും സർക്കാരിനും എതിരായ വിമർശനത്തിന് സംഘടിത സ്വഭാവമുണ്ടെന്നാണ് പാർട്ടിയുടെ സെക്രട്ടറിയെ അനുകൂലിക്കുന്നവർ വിലയിരുത്തുന്നത്. ആക്ഷേപങ്ങൾക്ക് പാർട്ടിക്ക് അകത്തോ പുറത്തോ മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടെന്നാണ് ധാരണ. നേതൃമാറ്റം വേണമെന്ന തരത്തിൽ ഉയർന്നുവരുന്ന വിമതശബ്ദങ്ങളെയും എം.വി ഗോവിന്ദൻ തള്ളുന്നു. പാർട്ടിയുടേയും സർക്കാരിന്റെയും നെടുംതൂണാണ് പിണറായിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിക്കുന്നു.
പാർട്ടി നയങ്ങൾക്കും സർക്കാരിന്റെ പ്രവർത്തന രീതിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ ആദ്യം പുറത്തും പിന്നിട് പാർട്ടി യോഗങ്ങളിലും വന്ന ചില വിമർശനങ്ങൾക്ക് ആസൂത്രിതവും സംഘടിതവുമായ സ്വഭാവമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നുണ്ടായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ പാർട്ടി യോഗങ്ങളിലും നേതാക്കൾ മുഖം നോക്കാതെ സംസാരിക്കാൻ തയാറായി. സമീപ കാലത്തൊന്നും നേതൃത്വത്തിനെതിരെ ഇത്ര വലിയ വിമർശനം സംസ്ഥാന സമിതിയിൽ ഉയർന്നിട്ടില്ല. അപ്രതീക്ഷിത കടന്നാക്രമങ്ങളിൽ അമ്പരപ്പുണ്ടെങ്കിലും നിലവിട്ട മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടതില്ലെന്നാണ് തീരുമാനം. ആക്ഷേപങ്ങളുടെ എല്ലാം കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്. വിമർശനങ്ങൾക്കും കേന്ദ്രീകൃത സ്വഭാവം ഉള്ളതിനാൽ പരമാവധി മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി. ശൈലീ മാറ്റം ആവശ്യമില്ലെന്ന് മാത്രമല്ല പാർട്ടിയുടെയും സർക്കാരിന്റെയും നെടുംതൂണാണ് പിണറായി എന്ന് കൂടി പറഞ്ഞാണ് എം.വി ഗോവിന്ദൻ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വിമർശകരെ നേരിടുന്നത്.
അതേസമയം പിണറായിക്ക് കവചമൊരുക്കുന്നവർ തോൽവിഭാരം ഇ.പി ജയരാജന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം മറുഭാഗത്ത് ശ്ക്തമാക്കുകയാണ്. ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനക്ക് സിപിഎം ഒരുങ്ങുന്നതായി എം.വി ഗോവിന്ദൻ പറയുന്നു. ജയരാജൻ, ജാവദേക്കറെ കണ്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ പരാതിയിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തും. ആക്കുളത്തെ ഫ്ളാറ്റിൽ പ്രകാശ് ജവദേക്കറെ ദല്ലാൾ നന്ദകുമാർ എത്തിച്ചതും ശോഭാ സുരേന്ദ്രനുൾപ്പെടെ ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ പരാതിയിൽ പറയുന്നത്. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇ.പിയുടെ ആവശ്യം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തിൽ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക.