നജീബ് കാന്തപുരത്തിന് എംഎൽഎ ആയി തുടരാം; തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി തള്ളി
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിനെതിരെ എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ച് തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു കെ.പി മുഹമ്മദ് മുസ്തഫയുടെ വാദം. 38 വോട്ടുകൾക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇതു പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ചു പരിശോധിച്ചിരുന്നു.