നാക് എ പ്ലസ് പ്ലസ് അംഗീകാരം: നേട്ടത്തിന്റെ നെറുകയിൽ ദേവമാതാ
കുറവിലങ്ങാട്:ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവത്തനമികവും ഗുണമേന്മയും വിലയിരുത്തുന്നതിനും അക്രഡിറ്റേഷൻ നൽകുന്നതിനുമായി; യു. ജി. സി. യുടെ കീഴിൽ പ്രവർത്തിക്കുന്ന നാകിന്റെ (NAAC) മൂല്യനിണ്ണയത്തിൽ പരമോന്നത ഗ്രേഡായ എ പ്സസ് പ്ലസ് കുറവിലങ്ങാട് ദേവമാതാ കോളേജിന് ലഭിച്ചു. 3.67 ഗ്രേഡ് പോയിന്റോടെയാണ് ഉജ്ജ്വലമായ ഈ നേട്ടത്തിന് ദേവമാതാ അർഹമായത്. ഇതോടെ കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് നേടിയ കോളേജായി ദേവമാതാ മാറി. കേന്ദ്രഗവൺമെന്റ് ഏജൻസിയായ നാക് ഏഴു മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് കോളേജുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നത്. അവയിൽ സുപ്രധാനമായ പല മേഖലകളിലും വളരെ ഉയർന്ന സ്കോർ നേടുവാൻ ദേവമാതായ്ക്കു കഴിഞ്ഞു. പാഠ്യപദ്ധതിയുടെ ആസൂത്രണത്തിനും വിനിമയത്തിനും മുഴുവൻ മാർക്കും ലഭിച്ചു. ഗവേണൻസ് ലീഡർഷിപ്പ് ആന്റ് മാനേജ്മെന്റിന് വളരെ ഉയർന്ന മാർക്കാണ് ലഭിച്ചത്. കോളേജ് മാനേജ്മെന്റും സ്ഥാപനാധികാരികളും പുലർത്തുന്ന ദീർഘവീക്ഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമാണിതെന്ന് വിലയിരുത്തലുണ്ടായി. സാമൂഹിക നന്മ ലക്ഷ്യമാക്കി ദേവമാതാകോളേജ് ആവിഷ്കരിച്ച് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ നാക് ടീമിന്റെ മുക്തകണ്ഠപ്രശംസ നേടി. അധ്യാപകരുടെ മികവ്, കോളേജ് നടപ്പാക്കിവരുന്ന അനന്യമായ കർമ്മപദ്ധതികൾ, ഗ്രാമവികസനത്തിനും സ്ത്രീശാക്തീകരണത്തിനും നൽകുന്ന ഊന്നൽ, സ്റ്റുഡന്റ് സപ്പോർട്ട് ആന്റ് പ്രോഗ്രഷൻ എന്നിവയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളുമായി നാക് ടീം നടത്തിയ അഭിമുഖസംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ദേവമാതായുടെ പൂർവ്വവിദ്യാർത്ഥികളായ തോമസ് ചാഴികാടൻ എം. പി., ടി. ആർ. രാമചന്ദ്രൻ (റിട്ട. ജസ്റ്റിസ്, കേരള ഹൈകോർട്ട് ), അഡ്വ. പി. എം. മാത്യു എക്സ് എം. എൽ. എ., ഡോ. ജോസഫ് എ. പാറ്റാനി, ഡോ. എം. സി. ജെ. പ്രകാശ്, ഡോ. സി. റ്റി. എബ്രാഹം, ഡോ. ജോസഫ് തോമസ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സമ്മേളനം നാക് ടീമിന്റെ സവിശേഷ പ്രശംസ നേടി. വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തവും ഇടപെടലുകളും, വിവിധങ്ങളായ എക്സിബിഷനുകൾ, എൻ. സി. സി. യുടെ ഗാർഡ് ഓഫ് ഹോണർ, അഡ്വഞ്ചർ സ്പോർട്സ് പ്രകടനങ്ങൾ, യോഗാ ഡെമോൺസ്ട്രേഷൻ, കലാപരിപാടികൾ തുടങ്ങിയവ നാക് സന്ദർശനവേളയിൽ സജ്ജീകരിച്ചിരുന്നു. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ. അനീഷ് തോമസ്, ജോയിന്റ് കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ, നാക് സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ഡോ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നുനടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ദേവമാതായെ ഈ മികവിലേക്കെത്തിച്ചത്. വജ്രജൂബിലിയുടെ നിറവിൽ നിൽക്കുന്ന ദേവമാതായുടെ അക്കാദമികമുന്നേറ്റങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഈ അംഗീകാരം ഊർജ്ജമേകും.