സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര ഇനിയും വൈകുമെന്ന് നാസ
ന്യൂയോര്‍ക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര ഇനിയും വൈകുമെന്ന് നാസ. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‍മോറിനേയും അടുത്ത വര്‍ഷം തുടക്കത്തോടെ തിരികെ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്സ്യൂള്‍ തയ്യാറാക്കാന്‍ സ്പേസ് എക്സിന് കൂടുതല്‍ സമയം ആവശ്യമാണെന്നതിനെ തുടര്‍ന്നാണ് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിച്ചത്. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വേഗതയേക്കാള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്ന് നാസ അറിയിച്ചു.'ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണം, അസംബ്ലിങ്, ടെസ്റ്റിംഗ്, അന്തിമ സംയോജനം എന്നിവ വളരെ ശ്രമകരമായ ഒരു പ്രവര്‍ത്തനമാണ്, അത് വിശദമായി ശ്രദ്ധിക്കേണ്ടതുണ്ട്,' നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സുനിതാ വില്യംസിനെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറിനെയും കൊണ്ട് ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‌മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.