മണപ്പുറം ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം
കൊച്ചി: സുസ്ഥിര നൈപുണ്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് എക്കോ ഫ്രണ്ട്‌ലി സ്‌കില്‍ ഡെവലപ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുള്‍പ്പെടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.
സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസമേഖലയില്‍ മണപ്പുറം ഫൗണ്ടേഷന്‍ പ്രതിവര്‍ഷം ആറ് കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകളോടൊപ്പം വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന പഠനരീതികള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മണപ്പുറം ഫൗണ്ടേഷന്‍ മാനേജ്‌മെന്റ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള അറിവുകളാണ് നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത്. തുടര്‍ന്നും വിദ്യാഭ്യാസമേഖലയില്‍ നടത്താനുദ്ദേശിക്കുന്ന നൈപുണ്യവികസന പദ്ധതികള്‍ക്ക് കരുത്തു പകരുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.