'പിതാവ് നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ച അതേ ഹൃദയവേദനയാണ്, വയനാട്ടിലേത് ദേശീയ ദുരന്തം; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം വളരെ വേദനാജനകമായ സംഭവമാണെന്നും ആയിരങ്ങൾക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്‌ടമായത്. ഈ സാഹചര്യത്തിൽ ജനങ്ങളോട് എന്തു പറയണമെന്നോ എന്തു പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടതെന്നോ അറിയില്ല. ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിത്.
ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അവരുടെ പുനഃരധിവാസം ഉൾപ്പെടെ നോക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.
എന്റെ അച്ഛൻ മരിച്ചപ്പോൾ എന്താണോ എനിക്ക് തോന്നിത്, അതേ വേദനയാണിപ്പോൾ ഉണ്ടാകുന്നത്. ഇവിടെ ഓരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്‌ടമായത്. അന്ന് എനിക്കുണ്ടായതിനേക്കാൾ ഭീകരാവസ്ഥയാണ് ഓരോരുത്തർക്കുമുണ്ടായിരിക്കുന്നത്. ആയിരകണക്കിനാളുകൾക്കാണ് ഉറ്റവരെ നഷ്ടമായത്.വയനാട്ടിലെ ജനങ്ങളുടെ വേദനയ്ക്കൊപ്പം നിൽക്കുകയാണ്.രക്ഷാപ്രവർത്തനം കാണുമ്പോൾ
അഭിമാനമുണ്ട്. എല്ലാവരും ഒറ്റക്കെട്ടായാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, വളണ്ടിയർമാർ, രക്ഷാപ്രവർത്തകർ, സൈന്യം, ഭരണകൂടം എല്ലാവർക്കും നന്ദിയുണ്ട്. എന്നെ സംബന്ധിച്ച് ഇത് തീർച്ചയായും ദേശീയ ദുരന്തമാണ്. എന്തായാലും സർക്കാർ എന്താണ് പറയുന്നതെന്ന് നോക്കാം. രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഇവിടുത്തെ ജനങ്ങൾക്ക് സഹായം ആണ് ആവശ്യം. ഇപ്പോൾ രാഷ്ട്രീയം പറയാനോ ആ രീതിയിൽ ഇതിനെ കാണാനോ ആഗ്രഹിക്കുന്നില്ല. വയനാട്ടിലെ ജനങ്ങൾ എറ്റവും മികച്ച സഹായം ലഭിക്കുന്നതിനാലാണ് താൽപര്യം.
സഹോദരന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിദാരുണമായ സംഭവമാണിത്. നമുക്ക് ചിന്തിക്കാവുന്നതേയുള്ള ജനങ്ങളുടെ വിഷമം. എല്ലാവർക്കും ആവശ്യമായ പിന്തുണ നൽകും. എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കാൻ എത്തുന്നു.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് പറയുന്നത്. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.