ദേശീയ ഡോക്ടേഴ്സ് ദിനം
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സൗഖ്യത്തിന്റെ കരങ്ങൾ നീട്ടുന്ന ഡോക്ടർമാർക്കായി ഒരു ദിനം. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ആധുനിക വൈദ്യനുമായിരുന്ന ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മരണമാകട്ടെ ജൂലൈ ഒന്ന് 1962. 1991 മുതലാണ് ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഡോക്ടര്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ ഡോക്ടേഴ്സ് ഡേ ആചരണം സഹായകമാണ്. സ്വയം പ്രതിരോധം പോലും മറന്ന് സമൂഹത്തിനായി സേവനം ചെയ്യുന്നവരാണ് ഡോക്ടേഴ്സ്.
ഡോക്ടര്‍മാര്‍ നിരവധി അക്രമണങ്ങൾ നേരിടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഡോ. വന്ദനാദാസിനെപ്പോലുള്ളവരുടെ സങ്കടകരമായ കഥകൾ തളർത്തിയിട്ടും സേവന മനോഭാവത്തോടെ ശുശ്രൂഷ ചെയ്യുന്നവർ നിരവധിയാണ്. കൊവിഡിനുശേഷം ലോകമൊട്ടുക്കും നിരവധി ആരോഗ്യ പ്രതിസന്ധികള്‍ ഉയരുന്നുണ്ട്. നിര്‍മാര്‍ജ്ജനം ചെയ്ത പല അസുഖങ്ങളും തിരിച്ചു വരുന്നതും ,ആയുര്‍ദൈര്‍ഘ്യവര്‍ധന മൂലമുള്ള രോഗങ്ങളും , ജീവിതശൈലീ രോഗവര്‍ധനയും ഭാരതം പോലെ ഒരു രാജ്യത്തു ഡോക്ടര്‍മാരുടെ ജോലി കൂടുതല്‍ പ്രയാസകരമാവുകയാണ്. പുതിയ തലമുറയ്ക്ക് വൈദ്യ ശാസ്ത്രം പഠിക്കാനും പ്രതിബദ്ധതയോടെയും അനുകമ്പയോടെയും അങ്ങേയറ്റം നൈപുണ്യത്തോടെയും ചികിൽസാ രംഗത്ത് മുന്നേറാനും ഡോക്ടേർസ് ഡേ പ്രചോദനമാവട്ടെ.