Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദേശീയ വിദ്യാഭ്യാസ നയം 2020 - എ. ഐ. പി. സി പാനൽ ചർച്ച നടത്തി

04:30 PM Dec 09, 2023 IST | Veekshanam
Advertisement
Advertisement

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ "ദേശീയ വിദ്യാഭ്യാസ നയം 2020" ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

"അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു." ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ "ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.

പ്രസ്തുത നയം വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുവാനുള്ള അവസരം തുറക്കുന്നത് ആണെങ്കിലും ഗുണഭോക്താക്കളുടെസമീപനത്തെ ആശ്രയിച്ചിരിക്കും ഇതിൻ്റെ ഭാവി." അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ ബ്രിട്ടീഷ് കാലത്തിന്റെ അവശേഷിപ്പായ സർവകലാശാല അഫീലിയേഷൻ സംവിധാനത്തിൽ നിന്ന് കല്പിതസർവകലാശാലകളിലേക്കും സ്വയം ഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദേശ സർവകലാശാല യിലേക്കുമുള്ള മാറ്റം മികച്ചതും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ അനിവാര്യതയുമാണ്. നിലനിൽക്കുന്ന സർവകലാശാല സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ കല്പിത, സ്വകാര്യ സർവകലാശാലകൾക്ക് അനാവശ്യ കുരുക്കുകൾ ഇല്ലാതെ അവസരം തുറന്ന് കൊടുക്കാൻ കേരളം തയ്യാറെടുക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ് .." എന്ന് ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ അഭിപ്രായപ്പെട്ടു.

"നാലു വർഷ ബിരുദം ആരംഭിക്കുമ്പോൾ അവയുടെ കോഴ്സ് ഘടനയും രൂപകല്പനയും അക്കാഡമിക് പ്രാഗാല്ഭ്യം ഉള്ള വിദ്യാർഥികളെ നമ്മുടെ കലാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നവ ആയിരിക്കണം." എന്നായിരുന്നു ഡോ. വിനു ജെ. ജോർജ്ജിൻ്റെ അഭിപ്രായം.

എ. ഐ. പി. സി കേരള സെക്രട്ടറി ശ്രീ സുധീർ മോഹൻ, വൈസ് പ്രസിഡൻ്റ് ശ്രീമതി ഹൈഫ മുഹമ്മദ് അലി, സ്റ്റേറ്റ് കോർഡിനേറ്റർ - ഓർഗനൈസേഷൻ മാറ്റേഴ്സ് ശ്രീ ഫസലു റഹ്മാൻ, വിദ്യാഭ്യാസ കോർഡിനേറ്റർ ശ്രീ ആദിൽ അസീസ്, ഷബ്ന ഇബ്രാഹിം, ശ്രീ എൽദോ ചിറക്കച്ചാലിൽ എന്നിവർ സംസാരിച്ചു. വിശദമായ പഠന റിപ്പോർട്ട് വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു.

Tags :
kerala
Advertisement
Next Article