പഠനനിലവാരമളക്കാൻ ദേശീയ സർവേയും പ്രതിവാര പരീക്ഷയും
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) നവംബർ 19-ന്. 2021- ലെ സർവേയിൽ കേരളം പിന്നിലായിരുന്നു. ഭാഷയിലും ഗണിതത്തിലും അടിസ്ഥാനശേഷി ആർജിക്കാനായില്ലെന്നും വിലയിരുത്തലുണ്ടായി. ഇത്തവണ പ്രതിവാരപരീക്ഷകളും മോഡൽ പരീക്ഷകളും നടത്തി കുട്ടികളെ ഒരുക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഇതിന് പ്രവർത്തനകലണ്ടർ തയ്യാറാക്കി.
ഇത്തവണ മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് നാസ് സർവേ. ഇതിനുകുട്ടികളെ സജ്ജരാക്കാൻ എല്ലാ ആഴ്ചയും അഞ്ചുമുതൽ പത്തുവരെ ചോദ്യങ്ങൾ പരിശീലിപ്പിക്കും. നാസിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സംസ്ഥാനസെൽ രൂപവത്കരിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഏഴു പ്രതിവാരപരീക്ഷകളും മൂന്നു മോഡൽ പരീക്ഷകളും നടത്തും. ഈമാസം 16, 24 സെപ്റ്റംബർ 26, ഒക്ടോബർ ഒൻപത്, 15, 21, നവംബർ ഏഴ് ദിവസങ്ങളിലായിരിക്കും പ്രതിവാര പരീക്ഷകൾ നടക്കുന്നത്. ആദ്യത്തെ മോഡൽപരീക്ഷ ഈ മാസം 31-ന് നടക്കും. ഒക്ടോബർ മൂന്നിനും നവംബർ 11-നുമാണ് മറ്റു പരീക്ഷകൾ നടക്കുന്നത്.