For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നവകേരള സദസ് നാളെ സമാപിക്കും:
പണപ്പിരിവിനു രേഖയില്ല,
കൈമലർത്തി കലക്റ്റർമാർ

01:00 PM Dec 22, 2023 IST | ലേഖകന്‍
നവകേരള സദസ് നാളെ സമാപിക്കും  br പണപ്പിരിവിനു രേഖയില്ല  br കൈമലർത്തി കലക്റ്റർമാർ
Advertisement

പ്രത്യേക ലേഖകൻ

Advertisement

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ് നാളെ സമാപിക്കാനിരിക്കെ, പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച അവ്യക്തത തുടരുന്നു. അനധികൃത പണപ്പിരിവ് പാടില്ലെന്നു കോടതി നിർദേശിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ കൗൺസിൽ അം​ഗീകരിക്കാതെ സെക്രട്ടറിമാർ നേരിട്ട് പണം അനുവദിക്കുന്നതു കോടതി വിലക്കുകയും ചെയ്തിട്ടും രണ്ടു തരത്തിലുള്ള പിരിവുകളും യഥേഷ്ടം നടന്നതായി പരാതിയുണ്ട്. ഇതിന്റെ കണക്ക് സംസ്ഥാന എജിയുടെ ഓഡിറ്റിനു പുറത്താണെന്നും വരവ് ചെലവ് കണക്കുകളുടെ രേഖ ലഭ്യമല്ലെന്നുമാണ് ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടി.
ഓരോ ജില്ലയിലും ജില്ലാ കലക്റ്റർമാരാണ് നവ കേരള സദസിന്റെ നോഡൽ ഓഫീസർ. വരവ് ചെലവ് കണക്കുകളടക്കം സൂക്ഷിക്കേണ്ടത് അതതു കലക്റ്റർമാരാണ്. എന്നാൽ സർക്കാർ സംവിധാനങ്ങൾക്കു പുറത്തു നിന്നും പണം സമാഹരിക്കുന്നതിനാൽ പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് ലഭ്യമല്ലെന്നാണു കലക്റ്റർമാർ പറയുന്നത്.
നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാരിന് പണം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. നവകേരള സദസിനായി പണം പിരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. മുനിസിപ്പാലിറ്റി നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യാഖ്യാനം അനുസരിച്ച് കഴിഞ്ഞ വർഷത്തെ വരവ് ചെലവുകളുടെ നീക്കിയിരിപ്പിന്റെ നിശ്ചിത ശതമാനം തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം കൗൺസിലിനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ നവ കേരള സദസിന് നിശ്ചിത തുക നൽകണം എന്നു സർക്കാരിന് ആവശ്യപ്പെടാൻ കഴിയില്ലെന്നായിരുന്നു കോടതി വിധി.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിനു പണം നൽകില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ കൗൺസിൽ അനുമതിയില്ലാതെ സർക്കാർ അനുകൂല സംഘടനകളുടെ നേതാക്കളായ മുനിസിപ്പൽ-പഞ്ചായത്ത് സെക്രട്ടറിമാർ കേരള സദസിന് പണം അനുവദിച്ചതും വിവാദമായി. നവ കേരള സദസിന്റെ മറവിൽ സിപിഎം വ്യാപമായ തോതിൽ പാർട്ടി ഫണ്ട് പിരിക്കുകയാണെന്ന ആരോപണവും ശക്തമായിരുന്നു. കോടതി വിധി മറികടന്നു നടത്തിയ പണപ്പിരിവിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ചില തദ്ദേശ സ്ഥാപനങ്ങളും വിവരാവകാശ പ്രവർത്തകരും.

Author Image

ലേഖകന്‍

View all posts

Advertisement

.