'നവകേരള സദസ്സിൽ ക്രിമിനലുകളെ വിന്യസിച്ചിരിക്കുന്നു'; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേർക്കുണ്ടായ അക്രമത്തിൽ രൂക്ഷ വിമർശനവുമായി, കെസി വേണുഗോപാൽ
പോലീസ് സുരക്ഷ മതിയാകാതെ വന്നിട്ടാകും നവകേരള സദസ്സിൽ വോളന്റിയര്‍മാര്‍ എന്ന പേരില്‍ ക്രിമിനലുകളെ വിന്യസിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുക വഴി ജനാധിപത്യപരമായ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെയാണ് സി.പി.എം-ഡി.വൈ.എഫ്.ഐ ക്രിമിനലുകൾ ആക്രമിച്ചത്. അതിനെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
കെസി വേണുഗോപാൽ എംപിയുടെ വാക്കുകൾ
ജനാധിപത്യത്തിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അത് ബോധ്യപ്പെടാത്ത കുറെയധികം ക്രിമിനലുകൾ ഇന്ന് കല്യാശ്ശേരിയിൽ അക്രമം അഴിച്ചുവിട്ടു, മുഖ്യമന്ത്രിയുടെ മൂക്കിൻതുമ്പത്ത് കിടന്ന്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുക വഴി ജനാധിപത്യപരമായ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെയാണ് സി.പി.എം-ഡി.വൈ.എഫ്.ഐ ക്രിമിനലുകൾ ആക്രമിച്ചത്. അതിനെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കേണ്ടതുണ്ട്.
സഖാക്കൾക്ക് നിയമം കൈയിലെടുക്കാൻ ലൈസൻസ് നൽകിയ പോലീസുകാർ മാത്രമല്ല ഇവിടെ കുറ്റക്കാർ. നാടുനീളെ പാർട്ടി ക്രിമിനലുകളെ അഴിച്ചുവിട്ടിരിക്കുന്ന മുഖ്യമന്ത്രി കൂടിയാണ്. പ്രതിഷേധക്കാരെ കായികമായി നേരിടാന്‍ മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മറുവശത്ത് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് കാണിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമികള്‍ കയ്യേറ്റം ചെയ്തപ്പോള്‍ കൈയ്യും കെട്ടിനിന്ന പോലീസ് വെറും പാദസേവകരുടെ അവസ്ഥയിലേക്ക് തരം താഴ്ന്നു. പോലീസ് സുരക്ഷ മതിയാകാതെ വന്നിട്ടാകും നവകേരള സദസ്സിൽ വോളന്റിയര്‍മാര്‍ എന്ന പേരില്‍ ക്രിമിനലുകളെ വിന്യസിച്ചിരിക്കുന്നത്. അക്രമികൾക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ഇത് അഭ്യർത്ഥനയല്ല എന്നോർമിപ്പിക്കുന്നു.