നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും ദൃശ്യങ്ങളും പി പി ദിവ്യ പ്രചരിപ്പിച്ചത് ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചത്.
ദിവ്യയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യണമെന്നും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ആസൂത്രിതമാണ്. എ.ഡി.എമ്മിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. നവീന്‍ ബാബുവിന്റെ മരണ കാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചോദിച്ചുവാങ്ങി. പ്രസംഗം റെക്കോഡ് ചെയ്തത് ആസൂത്രിതമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ലായിരുന്നു. പത്തു വര്‍ഷം ലഭിക്കാവുന്ന ശിക്ഷയാണ് ചെയ്തത്. ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടു ദിവസം കൊണ്ട് വ്യക്തമാകും എന്ന് പറഞ്ഞത് ഇതിന് തെളിവാണ്. ജില്ല കളക്ടറോട് രാവിലെ ദിവ്യ പരാതി പറഞ്ഞു. എന്നാല്‍, യാത്രയയപ്പ് ചടങ്ങില്‍ ഇക്കാര്യം പറയരുതെന്നും അതിനുള്ള വേദിയല്ലെന്നും കളക്ടര്‍ മറുപടി നല്‍കിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ, ദിവ്യയുടെ വിവാദ പ്രസംഗം അഭിഭാഷകന്‍ കോടതിയില്‍ വായിച്ചിരുന്നു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ കെ. വിശ്വന്‍ മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതു പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്നാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തനിക്കെതിരായ ആരോപണങ്ങളില്‍ പലതും കെട്ടുകഥകളാണ്. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണു താനെന്നും ദിവ്യ വ്യക്തമാക്കി.
നവീന്‍ ബാബുവിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചിരുന്നു. കലക്ടര്‍ അനൗപചാരികമായാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. വരുമെന്ന് ഫോണില്‍ കളക്ടറെ വിളിച്ചു പറഞ്ഞു. സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ്. തന്റെ പരാമര്‍ശം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യ കോടതിയില്‍ വ്യക്തമാക്കി. ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വാദിച്ചു.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചു. ഉച്ചക്കുശേഷം 2.30ന് വീണ്ടും പരിഗണിക്കും. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ എതിര്‍ത്തു കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നല്‍കിയിരുന്നു.
14ന് കണ്ണൂരില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയില്‍ കണ്ടപ്പോള്‍ കലക്ടര്‍, തന്നെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ക്ഷണിച്ചിരുന്നതായാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്നു കളക്ടര്‍ അരുണ്‍ കെ. വിജയന്‍ പൊലീസിന് മൊഴി നല്‍കിയത്.