നവകേരള സദസ്: വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധം: കെപിഎസ്ടിഎ
തിരുവനന്തപുരം: നവകേരളസദസ്സിൽ ജനപങ്കാളിത്തം ഉണ്ടെന്ന് വരുത്തിതീർക്കാൻ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മേലധികാരികളുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി. സ്കൂൾ ചടങ്ങുകളിൽ പോലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിൽ കർശന നിയന്ത്രണമുള്ളപ്പോൾ പൊതുസമൂഹം തള്ളിക്കളഞ്ഞ നവകേരളസദസ്സിന് കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംഘടന ശക്തമായി ചെറുക്കും. എസ്പിസി കേഡറ്റുകൾക്ക് പ്രത്യേക ചുമതലകൾ നൽകി പങ്കെടുപ്പിക്കുന്നത് കാഴ്ചക്കാരെ കൂട്ടാൻ വേണ്ടിമാത്രമാണ്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾ നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
വയനാട് ഗോത്രവർഗ വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി നിയമിച്ച ഗോത്രബന്ധു മെന്റർ ടീച്ചർമാർ നവകേരള സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന സർക്കുലർ ഇറക്കിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം നടപടികൾ പൊതുസമൂഹവും അധ്യാപക-സിവിൽ സർവ്വീസ് മേഖലയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും .
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ , സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ , വൈസ് പ്രസിഡന്റുമാരായ ടിഎ ഷാഹിദ റഹ്മാൻ, എൻ ജയപ്രകാശ്, കെ രമേശൻ , പി വി ഷാജി മോൻ , എൻ രാജ്മോഹൻ ,ബി സുനിൽകുമാർ , വി മണികണ്ഠൻ സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ് , അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി വി ജ്യോതി, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ് തുടങ്ങിയവർ സംസാരിച്ചു