തീപിടുത്തത്തിൽ തിരിച്ചറിയാൻ അവശേഷിക്കുന്ന വ്യക്തിയുടെ ബന്ധുവിനെകുവൈറ്റിലെത്തിച്ചു!
കുവൈത്ത് സിറ്റി : മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരൻറ്റെ സഹോദരൻ ഷാരൂഖ് ഖാനെ കുവൈത്തിലെത്തിച്ച് ഡി.എൻ.എ പരിശോധന പൂർത്തീകരിച്ചതായി എൻ.ബി.ടി.സി. . ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാമെന്നും, എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എച്ച് ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.
അതിനിടെ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളിൽ അഞ്ചു പേർ ഞായറാഴ്ച കുവൈത്തിൽ എത്തി. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ നളിനാക്ഷന്റെ സഹധർമ്മിണിയും മകനും ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിച്ചേർന്നിട്ടുണ്ട്. മറ്റു നാല് പേർ കൂടി ബുധനാഴ്ചയോടെ എത്തിച്ചേരും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എൻ.ബി.ടി.സി മാനേജ്മെൻറ്റ് കുവൈത്തിലെത്തിച്ചത്. ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള സൗകര്യം എന്നിവയും എൻ.ബി.ടി.സി ഒരുക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 ജീവനക്കാരുൾപ്പെടെ 7പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത് എന്നും അവർ അതി വേഗം സുഖം പ്രാപിച്ചു വരുന്നതായും മാനേജ്‍മെന്റ് അറിയിച്ചു.