'ചാണക്യൻ പുറത്തേക്ക്'; ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ മാറ്റണമെന്ന് എൻഡിഎ ഘടകകക്ഷികൾ
ന്യൂഡൽഹി: മന്ത്രിസഭാ രൂപീകരണ ചർച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നും അമിത് ഷായെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികൾ രംഗത്ത്. പകരം മുതിർന്ന നേതാവ് രാജ്നാഥ് സിങ്ങിനെ ആഭ്യന്തര മന്ത്രി ആക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. കഴിഞ്ഞതവണ രണ്ടുതവണയും മുതിർന്ന നേതാക്കളെ വെട്ടി നിരത്തി മോദിയും അമിത് ഷായും തങ്ങളുടെ ഇഷ്ടക്കാർക്ക് മന്ത്രിസ്ഥാനങ്ങൾ വീതിച്ചു നൽകിയത് ഇത്തവണ നടക്കില്ലെന്ന് സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തിരശ്ശീലക്ക് പിന്നിൽ പോയ സ്വയം രാഷ്ട്രീയ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്ന അമിത്ഷായുടെ നില വരുംദിവസങ്ങളിൽ പരുങ്ങലിൽ ആവുമെന്ന സൂചനയാണ് വ്യക്തമാവുന്നത്. മോദി-ഷാ ഏകാധിപത്യത്തിനെതിരെ പാർട്ടിക്കുള്ളിലെ അസ്വാരാസ്യങ്ങൾ മറനീക്കി പുറത്തുവരുമെന്നാണ് സൂചന. മൃഗീയ ഭൂരിപക്ഷം ലഭിച്ച ഒന്നും രണ്ടും മോദി സർക്കാരുകളൽ നിന്നും വിഭിന്നമായി ഘടകകക്ഷികളുടെ വിരട്ടിലിനും വിലപേശലിനും മുന്നിൽ കീഴടങ്ങുന്ന മോദിയുടെയും അമിത്ഷായുടെയും ചിത്രമാണ് ഇത്തവണ കാണുന്നത്.