നീറ്റ് പരീക്ഷ: ക്രമക്കേട് നടന്നെന്ന് വ്യക്തമായാല്‍ മാത്രമേ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വലിയ രീതിയില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ നീറ്റില്‍ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രീംകോടതി. നീറ്റുമായി ബന്ധപ്പെട്ട നാല്‍പതിലേറെ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.
ചോദ്യപേപ്പര്‍ ചോര്‍ച്ച സംഘടിതമായി നടത്തിയതാണെന്ന് ബോധ്യപ്പെടണമെന്നും കോടതി വ്യക്തമാക്കി. നീറ്റില്‍ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്.
കഴിഞ്ഞയാഴ്ച ഹരജികള്‍ പരിഗണിച്ചപ്പോള്‍ എന്‍.ടി.എയും കേന്ദ്ര സര്‍ക്കാറും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെ പകര്‍പ്പുകള്‍ ചില അഭിഭാഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. കേന്ദ്രവും എന്‍.ടി.എയും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ക്ക് ഹരജിക്കാര്‍ മറുപടി നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.
എന്നാല്‍, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സോളിസിറ്റര്‍ ജനറലും അറ്റോണി ജനറലും ഉണ്ടാകില്ലെന്നതും ബുധനാഴ്ചത്തെ മുഹര്‍റം അവധിയും പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹരജികള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.