നീറ്റ് പരീക്ഷാ വിവാദം: പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനും സഭാ സ്‌തംഭനത്തിനും ഒടുവിൽ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിൽ സഭ സ്തംഭിക്കുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് 12 മണിക്ക് സഭ പുനരാരംഭിച്ചതിന് ശേഷമാണ് ഇന്നത്തേക്ക് പിരിഞ്ഞതായും തിങ്കളാഴ്ച്ച വീണ്ടും സഭ കൂടുമെന്നും സ്പീക്കറുടെ അറിയിപ്പുണ്ടായത്.
നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ സ്പീക്കർ അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വിഷയം ഇന്ന് ചർച്ച ചെയ്യാനാവില്ലെന്നാണ് സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഈ നിർദേശം അംഗീകരിക്കാൻ തയ്യാറാവാത്തതോടെ ബഹളത്തെ തുടർന്ന് ലോക്സഭ താത്കാലികമായി നിർത്തിവെച്ചു. സുപ്രിയ സുലെയാണ് ലോക്സഭയിൽ വിഷയം ആദ്യം ഉന്നയിച്ചത്. ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. പ്രസംഗത്തിനിടയിൽ രാഹുലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി. വരും ദിവസങ്ങളിലും പാർലമെന്റിലും പുറത്തും പ്രതിഷേധം കൂടുതൽ ശക്തമാകുവാനാണ് സാധ്യത.