ക്രമക്കേട് കണ്ടെത്തിയാല്‍ നീറ്റ് പരീക്ഷ റദ്ദാക്കും; കൂട്ട റാങ്കില്‍ അന്വേഷണം ആരംഭിച്ച് സി.ബി.ഐ
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി മാർക്ക് വിവാദത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലടക്കം പ്രാഥമിക അന്വേഷണം ആരംഭിച്ച് സി.ബി.ഐ. ക്രമക്കേട് കണ്ടെത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കുകയും പരീക്ഷ റദ്ധാക്കുകയോ ചെയ്യും. 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് (720) ലഭിച്ചതില്‍ ഉള്‍പ്പെടെ വന്‍ വിവാദമായതോടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് അന്വേഷണം ആവശ്യപ്പെട്ടത്. കമ്മീഷനും സ്വയമേധാ അന്വേഷണം നടത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്രയും പേർ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടുന്നത്.
കേരളത്തില്‍ നിന്ന് നാലും തമിഴ്‌നാട്ടില്‍ എട്ടും രാജസ്ഥാനിലെ കോട്ടയില്‍ ഒരു കോച്ചിങ് സെന്ററില്‍ പഠിച്ച പത്ത് പേര്‍ക്കും ഉള്‍പ്പെടെ ഒന്നാം റാങ്കുണ്ട്. ആറ് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഒരേ സെന്ററില്‍ ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റ് നമ്പര്‍ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020 ല്‍ രണ്ട്, 2021 ല്‍ മൂന്ന്, 2023 ല്‍ രണ്ട് പേര്‍ക്കുമായിരുന്നു 715 മാര്‍ക്കോടെ ഒന്നാം റാങ്ക്. ഇക്കുറി കേരളത്തില്‍ 700 ലേറെ മാര്‍ക്കുള്ള മുന്നൂറോളം പേരുണ്ട്. 675-700 നുമിടയില്‍ രണ്ടായിരം പേര്‍. 650 ലേറെ മാര്‍ക്കുള്ള മൂവായിരം പേര്‍. ഇത്തരത്തിൽ കൂടുതൽ റാങ്കുകൾ വന്നത് അസ്വാഭാവികമാണെന്നും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും കാട്ടി നിരവധിപേരാണ് പരാതികൾ നൽകിയിരിക്കുന്നത്. ഈ പരാതികൾ സിബിഐയ്ക്ക് കൈമാറും.