ഓൺലൈൻ സാധ്യതകൾ 'എല്ലാം' തേടി നീതു രാജശേഖരൻ
വിവരസാങ്കേതികവിദ്യയുടെ മികവ് എല്ലാ മേഖലകളിലും പടർന്നു പന്തലിക്കുന്ന വർത്തമാന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നഗരപ്രദേശങ്ങളിൽ പൂർണ്ണമായും ഓൺലൈൻ സേവനങ്ങൾ എല്ലാ മേഖലകളെയും കയ്യടക്കിയിരിക്കുന്നു. നഗരങ്ങൾക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലും ഓൺലൈൻ സേവനങ്ങൾ സജീവമാണ്. തങ്ങളുടെ ഇഷ്ട ദേവതകൾക്ക് ഓൺലൈനിലൂടെ വഴിപാടുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണമിപ്പോൾ വർധിച്ചുവരികയാണ്. അത്തരം ഓൺലൈൻ വഴിപാട് ആപ്ലിക്കേഷൻ കളിൽ മുൻപന്തിയിലുള്ള ഒന്നാണ് 'എല്ലാം'. ഈ എല്ലാം ഓൺലൈൻ ആപ്ലിക്കേഷന് നേതൃത്വം നൽകുന്നത് ഒരു വനിത സംരംഭകയാണ്. എറണാകുളം സ്വദേശിനിയായ യുവ വനിതാ സംരംഭകയുടെ നിശ്ചയദാർഢ്യത്തിലൂടെ 'എല്ലാം' മുന്നേറുമ്പോൾ എല്ലാവർക്കും അതൊരു മികച്ച മാതൃകയാണ്. 2020ൽ തോന്നിയ ചെറിയൊരു ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് വലിയ ഒരു സംരംഭമായി മാറിയിരിക്കുന്നത്. നിലവിൽ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ഉൾപ്പെടെ നൂറോളം ക്ഷേത്രങ്ങൾ ഈ ആപ്ലിക്കേഷനിലുണ്ട്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എല്ലാമിലൂടെ പൂജകൾ ബുക്ക് ചെയ്യുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും പടർന്ന് കിടക്കുന്ന ക്ഷേത്രങ്ങളുടെ വിപുലമായ നെറ്റ്‌വർക്ക് ഈ ആപ്ലിക്കേഷനിലുണ്ട്. എറണാകുളത്തെ കടവന്ത്രയിലെ ഓഫീസിൽ ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾക്കും ഏകോപനങ്ങൾക്കും നേതൃത്വം നൽകുന്നത് നീതു തന്നെയാണ്. കോളേജ് കാലഘട്ടം മുതൽക്കേ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആഗ്രഹം അവർക്കുണ്ടായിരുന്നു. എൻജിനീയറിങ് ബിരുദത്തിന് തന്റെ ആഗ്രഹത്തിന് പിന്നാലെ നിലകൊണ്ടതിന്റെ ഫലമാണ് എല്ലാമിന്റെ വളർച്ചയെന്ന് പലരും അഭിപ്രായപ്പെടുന്നു.
ചെറുകിട സംരംഭകർക്കൊരിടം
എല്ലാം തുടങ്ങുമ്പോൾ ക്ഷേത്രങ്ങളിലെ പൂജ ബുക്ക് ചെയ്യുന്നതിന് ഉള്ള ഒരു ഓൺലൈൻ ആപ്ലിക്കേഷൻ എന്നതിനപ്പുറം നീതുവിന് ഒട്ടേറെ ആശയങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചെറുകിട വനിതാ സംരംഭകർക്ക് അവരുടെ അഭിരുചികളും സംരംഭങ്ങളും പ്രദർശിപ്പിക്കുവാൻ ഒരിടം ഒരുക്കുകയെന്നത്. ആപ്ലിക്കേഷൻ ആരംഭിച്ച് മൂന്നുവർഷം പിന്നിടുമ്പോൾ അത്തരത്തിൽ ഒരു മുന്നേറ്റം കൂടി എല്ലാം നടത്തിയിട്ടുണ്ട്. വീടുകളിലും മറ്റും സ്ത്രീകൾ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങളും എല്ലാമിലൂടെ വിപണിയിൽ എത്തുന്നു. അച്ചാറുകൾ, പപ്പടം, കരകൗശല വസ്തുക്കൾ തുടങ്ങിയവ എല്ലാമിൻ ലഭ്യമാണ്. സ്ത്രീകൾക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് വഴിയൊരുക്കുക എന്നതിനേക്കാൾ ഉപരി അവരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും നീതുവിനുണ്ട്. ആപ്ലിക്കേഷനിൽ ഉൾപ്പെട്ട വനിതാ സംരംഭകർക്ക് എല്ലാമിനെ പറ്റി മികച്ച അഭിപ്രായമാണ്.
പാർക്കിങിനെ കൂടുതൽ സ്മാർട്ടാക്കി
പാർക്കിങ് സൗകര്യങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കി മാറ്റുവാനും നീതു രാജശേഖരൻ നേതൃത്വം നൽകുന്ന എല്ലാമിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഒരു നഗരത്തിൽ പാർക്കിങ് സംവിധാനം ഓൺലൈൻ ആക്കിയത് എല്ലാമാണ്. പ്രധാനമായും കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലാണ് ഓൺലൈൻ പാർക്കിങ് സംവിധാനം ഇവർ ഉറപ്പുവരുത്തുന്നത്. മെട്രോയ്ക്ക് പുറമേ തിരക്കുള്ള നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്വകാര്യ വ്യക്തികളുമായി ചേർന്ന് ഓൺലൈൻ പാർക്കിങ് സംവിധാനം ഉറപ്പ് വരുത്തുന്നുണ്ട്. വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഇടം അനായാസം ഈ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യാൻ ആകുന്നുവെന്നത് സവിശേഷതയാണ്. കൊച്ചി നഗരം കേന്ദ്രീകരിച്ചാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിങ് തങ്ങൾ ഉറപ്പുവരുത്താറുണ്ടെന്ന് നീതു രാജശേഖരൻ പറയുന്നു.