നെഹ്‌റുട്രോഫി വള്ളംകളി: ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഇരിപ്പിടം ഉറപ്പാക്കുമെന്ന് കളക്ടര്‍
ആലപ്പുഴ: ആഗസ്റ്റ് 10ന് നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഇരിപ്പിടം ഉറപ്പാക്കാന്‍ ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന നെഹ്റുട്രോഫി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
നെഹ്റുപവലിയന്റെ ചോര്‍ച്ച മാറ്റാന്‍ വേണ്ടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനും അനുമതിനല്‍കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നെഹ്റുട്രോഫിയുടെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ജൂലൈ എട്ടിന് രാവിലെ ഒമ്പതിന് പുന്നമട ഫിനിഷിങ് പോയന്റില്‍ കലക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിക്കും.ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്‌സില്‍ 300 രൂപക്ക് ടിക്കറ്റ് നല്‍കാനും അവിടെ പ്രത്യേക ഇരിപ്പിടവും യാത്രാസംവിധാനവും ഏര്‍പ്പെടുത്തും.
കളിവള്ളങ്ങളുടെ രജിസ്ട്രേഷന്‍ സബ് കലക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 10 മുതല്‍ 20 വരെ നടക്കും. ക്യാപ്റ്റന്‍സ് ക്ലിനിക് ജൂലൈ 26ന് രാവിലെ ഒമ്പതിന് ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ നടക്കും. യോഗത്തില്‍ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാനും കലക്ടറുമായ അലക്സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു, എന്‍.ടി.ബി.ആര്‍ സൊസൈറ്റി സെക്രട്ടറിയും സബ്കലക്ടറുമായ സമീര്‍ കിഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ എം.സി. സജീവ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.