കൊല്ലത്തുമില്ല തിരുവനന്തപുരത്തുമില്ല: മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നില്‍ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎല്‍എ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങള്‍ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവില്‍ എംഎല്‍എ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജില്ലയില്‍ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്.
കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുകേഷിന് പുറമേ ജയസൂര്യ, മണിയന്‍പിള്ള രാജു , ഇടവേള ബാബു എന്നിവര്‍ക്കെതിരെയും രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതില്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ര്‍റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷ് എം.എല്‍.എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ കൊച്ചിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേല്‍ണ സംഘത്തിന്റെ തീരുമാനം.