മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു
തിരുവനന്തപുരം: നടന് പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം (കോമളാ മേനോന്) അന്തരിച്ചു. 96 വയസായിരുന്നു. അസുഖ ബാധിതയായി പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ഒക്ടോബര്‍ 15നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാള സിനിമയിലെ ആദ്യകാല നായികയാണ് വിടവാങ്ങിയത്. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളത്തിന്റെ സിനിമാപ്രവേശനം. 1955ല്‍ പുറത്തിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയചിത്രം. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
പ്രേംനസീറിന്റെ ആദ്യ സിനിമയായ മരുമകളില്‍ കോമളം ആയിരുന്നു നായിക. കോമളത്തിന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു നസീറിന്റെ പേര്. പിന്നീട് അദ്ദേഹം പ്രേം നസീറായപ്പോള്‍ കോമളം സിനിമ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.