സിനിമ വ്യാജ സിഡി, കോപ്പിയടി: മൂന്നു വർഷം തടവും നിർമാണ ചെലവും പിഴ
ന്യൂഡൽഹി: സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷംവരെ തടവും നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ഈടാക്കാൻ നിയമം രൂപീകരിച്ചു. ഇതടക്കം പൈറസി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന നിയമ ഭേദഗതിക്കുള്ള പുതിയ ബില്ല് രാജ്യസഭയിൽ. സിനിമാശാലകളിൽ ഫോണിലൂടെ സിനിമ പകർത്തുന്നവർക്കുൾപ്പെടെ ഇതു ബാധകമാവും. സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിനു പകരം എന്നന്നേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയിൽ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു.
പ്രായപൂർത്തിയാവുന്നവർക്ക് മാത്രം കാണാവുന്ന എ സർട്ടിഫിക്കറ്റും എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റും നൽകുന്നതിനൊപ്പം യുഎ കാറ്റഗറിയിൽ ഏഴ് , 13 , 16 എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് കാണാനുള്ള സർട്ടിഫിക്കറ്റുകൾ നൽകും.
സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ് സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023.
പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നതന്നു മന്ത്രി പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി.) സ്വയംഭരണ സ്ഥാപനമായി തുടരും. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിൽ വീണ്ടും ബോർഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങൾ സിനിമകാണുമെന്നും മന്ത്രി വ്യക്തമാക്കി.