For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നാളികേരം പൊതിക്കാൻ പുത്തൻ യന്ത്രം:കാർഷിക സർവ്വകലാശാലക്കു പേറ്റൻറ്

12:05 PM May 02, 2024 IST | Veekshanam
നാളികേരം പൊതിക്കാൻ പുത്തൻ യന്ത്രം കാർഷിക സർവ്വകലാശാലക്കു പേറ്റൻറ്
Advertisement

നാളികേരം പൊതിക്കുന്ന പുതിയ അത്യാധുനിക യന്ത്രത്തിന് കേരള കാർഷിക സർവ്വകലാശാല പേറ്റന്റ് നേടിയിരിക്കുന്നു. കാര്യക്ഷമമായ നാളികേര സംസ്കരണത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം.തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങൾ ചിരട്ടയിൽ നിന്നും വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകൾ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്.ഈ യന്ത്രത്തിൽ നിന്നും പുറത്തു വരുന്ന ചകിരി നേരിട്ട് തന്നെ കയർ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ് എന്നത് ഈ യന്ത്രത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടൽ നിരക്കും നാളികേര സംസ്കരണ രംഗത്ത് മുന്നേറ്റത്തിന് കാരണമാകും. 50000 രൂപ വില വരുന്ന ഈ യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി സാങ്കേതിക വിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്നു കൈമാറിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഈ കാർഷിക ഉപകരണം നാളികേര സംസ്കരണ രംഗത്തെ കാര്യക്ഷമതയും ഉൽപാദന ക്ഷമതയും ഉയർത്തുന്നതിന് കാരണമാകും.സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.ജയൻ പി.ആർ, ഡോ.സി.പി.മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ ശ്രീമതി അനു ശരത് ചന്ദ്രൻ, റിസേർച് അസിസ്റ്റന്റ് ആയ ശ്രീ.കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നിൽ.

Advertisement

Author Image

Veekshanam

View all posts

Advertisement

.