പുതിയ മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍: ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും
ന്യൂഡല്‍ഹി: നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പുതിയ മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പറഞ്ഞു. നിലവിവുള്ള 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും. മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ടൂറിസം വികസനത്തിന് പലിശ രഹിതവായ്പയും പ്രഖ്യാപിച്ചു. ലോക നിലവാരത്തില്‍ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.
ആത്മീയ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കും. തുറമുഖ കണക്ടിവിറ്റിക്കായി കൂടുതല്‍ പദ്ധതികളും വിമാനത്താവള വികസനവും തുടരും . നിലവിലുള്ള വിമാനത്താവളങ്ങള്‍ വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. അതോടൊപ്പം ഇ വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.