മദ്യപാനികൾ ജാഗ്രതൈ; പ്രതിവർഷം 26 ലക്ഷം മരണം
ജനീവ: മദ്യപാനത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം 26 ലക്ഷത്തിലധികം ആളുകൾ മദ്യപാനം മൂലം മരിക്കുന്നു.ഇത് ഒരു വർഷത്തിലെ മൊത്തം മരണങ്ങളുടെ 4.7 ശതമാനമാണ്. ഇതിൽ 20 ലക്ഷവും പുരുഷന്മാരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മറ്റ് തരത്തിലുള്ള ലഹരി ഉപയോഗിച്ച് പ്രതിവർഷം 600,000 ആളുകൾ മരിക്കുന്നു.മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഉപയോഗത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള സ്റ്റാറ്റസ് റിപ്പോർട്ടിൽ ഈ പ്രശ്നങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
മദ്യപാനം മൂലം മരിക്കുന്നവരിൽ 13 ശതമാനവും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ലോകത്താകമാനം മദ്യപാനം മൂലമുണ്ടായ മരണങ്ങളിൽ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം മൂലമുള്ള അർബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവർ 40 കോടിയാളുകൾ ഉണ്ടെന്നും ഇതിൽ 21 കോടിയാളുകൾ മദ്യത്തിന് അടിമകളാണെന്നും കണക്കുകൾ പറയുന്നു.