ന്യൂസ് പേപ്പർ ചാലഞ്ച്; വയനാടിനായ് കൈകോർത്ത് യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകൾക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ന്യൂസ് പേപ്പർ ചാലഞ്ച് നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ്. വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വരുമ്പോൾ അവർക്ക് നിങ്ങൾ നൽകുന്ന പഴയ ന്യൂസ് പേപ്പറുകൾ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട മനുഷ്യർക്കുള്ള മേൽക്കൂരകളായ് മാറുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒരുമയുടെ സന്ദേശം പകരുന്ന നിരവധി കാഴ്ചകൾ ഈ ദുരന്തമുഖത്ത് കണ്ടുവെന്നും മുലപ്പാൽ നൽകാൻ എന്റെ ഭാര്യ റെഡിയാണെന്ന് പറഞ്ഞ ഇടുക്കിയിലെ സജിന്റെയും കുടുംബത്തിന്റെയും ചെറുതും വലുതുമായ ഓരോ സഹായത്തെപ്പറ്റിയും രാഹുൽ പങ്കുവെച്ചു. അതോടൊപ്പം ഈ ദുരന്തവും നമ്മൾ അതിജീവിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു
രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്;
ഈ ദുരന്തമുഖത്ത് കണ്ട കാഴ്ചകൾ, സേവനങ്ങൾ ചിന്തകളിൽ ഉൾവെളിച്ചം നൽകുന്നതാണ്. ഒരുമയുടെ സന്ദേശം പകരുന്നതാണ്.
യൂത്ത് കോൺഗ്രസിന്റെയും മറ്റനേകം സംഘടനകളുടെയും കളക്ഷൻ സെന്ററുകളിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വന്ന കാരുണ്യപ്രവാഹവും നമുക്ക് കാണാൻ കഴിയും. മുലപ്പാൽ നൽകാൻ എന്റെ ഭാര്യ റെഡിയാണെന്ന് പറഞ്ഞ ഇടുക്കിയിലെ സജിന്റെ വാക്കുകൾ നാം കേട്ടതാണ്. ഈ ദുരന്തത്തെ മറികടക്കാൻ ചെറുകൈത്താങ്ങെങ്കിലുമാവാൻ ഓരോ മനുഷ്യരും നൽകിയ സഹായങ്ങളുടെ വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നാട് കേട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകൾക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ന്യൂസ് പേപ്പർ ചാലഞ്ച് നടത്തുകയാണ്. നിങ്ങളുടെ വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വരുമ്പോൾ അവർക്ക് നിങ്ങൾ നൽകുന്ന പഴയ ന്യൂസ് പേപ്പറുകൾ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട മനുഷ്യർക്കുള്ള മേൽക്കൂരകളായ് മാറും, കണ്ണീർ മഴയിലൊരു അഭയമായത് മാറും.. ഈ ദുരന്തവും നമ്മൾ അതിജീവിക്കും.