നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്നു പ്രതികള്‍ക്ക് ജാമ്യം
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്, സെക്രട്ടറി ഭരതന്, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.
അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.
അപകടം അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഉത്സവത്തിന് പടക്കം പൊട്ടിക്കുന്നതിന് പൊലീസിന്റെയോ കലക്ടറുടെയോ അനുമതി വാങ്ങിയിരുന്നില്ല. ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷെഡിലാണ് പടക്കം സൂക്ഷിച്ചത്. ഇതിനടുത്തുവെച്ചാണ് പൊട്ടിച്ചത്. വെടിപ്പുരക്ക് അകത്തും പുറത്തും ജനങ്ങള്‍ തിങ്ങിക്കൂടിനിന്നതാണ് പരിക്കേറ്റവരുടെ എണ്ണം ഇത്രയേറെ വര്‍ധിക്കാനുണ്ടായ കാരണം.