നിപ: പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ, സമ്പർക്കപ്പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിൽ
കോഴിക്കോട്: നിപ ബാധിച്ച പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ രോഗബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. 60 പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയി ലുമാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മലപ്പുറത്ത് വാർത്താ സമ്മേളനത്തിലാണ് കേരളത്തിൽ അഞ്ചാംതവണയും നിപ വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം മന്ത്രി അറിയിച്ചത്. മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നിലവിൽ പ്രോട്ടോകോൾ പ്രകാരം പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ വീടിന് മൂന്ന് കിലോ മീറ്റർ ചുറ്റളവിലാണ് ജാഗ്രതാ നിർദേശം. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സതേടി. പനി കുറയാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയി ലേക്ക് മാറ്റി. അവിടെ നിന്നും 19ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹ്യത്തും നിരീക്ഷണത്തിലാണ്.
ഇന്നലെ പുലർച്ചെ മുതൽ രോഗബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. 2018 മുതൽ ഇതുവരെ അഞ്ച് തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ മാത്രം രോഗബാധയേത്തുടർന്ന് 17 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.